Tuesday, October 30, 2018

Initiation into Mathematics 2018 - MSM College, Kayamkulam


Initiation into Mathematics 2018, Kerala

Department of Mathematics, MSM College, Kayamkulam & MTTS Trust

Funded by the National Board for Higher Mathematics


കേന്ദ്ര ആണവോർജ്ജ വകുപ്പിന്റെ കീഴിൽ ദേശീയ തലത്തിൽ ഗണിതശാസ്ത്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സിന്റെ (NBHM) സാമ്പത്തിക സഹായത്തോടെ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്കായി 7 ദിവസം നീളുന്ന ശില്പശാല കായംകുളം എം എസ് എം കോളേജിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ പ്രമുഖ കലാലയമായ എം എസ് എം കോളേജിലെ ഗണിതശാസ്ത്ര വിഭാഗവും ഭാരതത്തിലെ ഗണിതശാസ്ത്രപഠനഗവേഷണത്തിന്റെ ഉന്നമനത്തിനായി രൂപവത്കരിച്ചിട്ടുള്ള എം.റ്റി.റ്റി.എസ്. (MTTS) ട്രസ്റ്റും ചേർന്ന് സംയുക്തമായാണ് ശില്പശാല നടത്തുന്നത്. 2018 ഡിസംബർ 19 മുതൽ 24 വരെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ കേരളം, ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രമുഖ ഗണിതശാസ്ത്രജ്ഞ പ്രൊഫസർമാർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികളാണ് ഈ ശില്പശാലയിൽ പങ്കെടുക്കുന്നത്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എതാണ്ട് 100നു മുകളിൽ എണ്ണം സ്ഥാപങ്ങളിൽ നിന്നുമായി ലഭിച്ച 300നു മുകളിൽ വരുന്ന സമർത്ഥരായ ഗണിതശാസ്ത്ര വിദ്യാർത്ഥികളിൽ നിന്നുമാണ് 50 വിദ്യാർത്ഥികളെ തിരെഞ്ഞെടുത്തിരിക്കുന്നത്.


ഭാരത്തിലെ പല സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള ശില്പശാലകൾ വളരെയധികമായി സംഘടിപ്പിക്കാറുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത് ഇത്തരം പരിപാടികൾ നടത്തപ്പെടുന്നത് അപൂർവ്വമായാണ്. കേരളത്തിലെ വിദ്യാർഥികളുടെ ഗണിതശാസ്ത്രനിലവാരത്തിന്റെ നിലവാരക്കുറവിന് മറ്റ് കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. ഈ പരിപാടിയിലൂടെ വിദ്യാർഥികൾക്ക് പല പ്രമുഖ സ്ഥാപനങ്ങളിലെയും മിടുക്കരായ മറ്റ് വിദ്യാർത്ഥികളുമായും സഹകരിക്കുന്നതിനുള്ള അപൂർവ്വമായ അവസരമാണ് ലഭിക്കുന്നത്. അതു പോലെ തന്നെ വിവിധ പ്രമുഖ സർവ്വകലാശാലകളിലെ സമർപ്പിതരും പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും അറിവു നേടുന്നതിനുള്ള അവസരവും ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നു. ഈ ക്ളാസുകളിലൂടെ വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തെ ഒരു പുതിയ കാഴ്ചപ്പാടിലൂടെ വീക്ഷിക്കുന്നതിനുള്ള ഒരു പാത തുറന്നു കിട്ടുമെന്ന് ഇത്തരം പരിപാടികളിലൂടെ ഗണിതശാസ്ത്ര ലോകത്തിൽ ഉയരങ്ങളിലെത്തിയ പല വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു. യാന്ത്രികമായ ഗണിതപഠനത്തിനു പകരം അടിസ്ഥാനതത്വങ്ങൾ ഉറപ്പിച്ച് ഭാവിയിൽ സ്വയം പഠനം നടത്തുന്നതിനാവശ്യമായ ആത്മവിശ്വാസം നൽകുന്ന രീതിയാണ് ശിൽപശാലയിൽ പിന്തുടരുന്നത്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഏതാനും വർഷങ്ങൾ ഗണിതശാസ്ത്ര രംഗത്ത് പ്രതീക്ഷയുടേതായിരുന്നു. 2012 ഡിസംബർ 22ന് ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്റെ 125 ആം ജന്മദിനത്തോടനുമന്ധിച്ച് ദേശീയ ഗണിതശാസ്ത്ര ദിനാചരണം തുടങ്ങിയതിനു ശേഷം ഇന്ത്യൻ വംശജരായ പ്രൊഫസർ മഞ്ജുൾ ഭാർഗവ (2014), പ്രൊഫസർ അക്ഷയ് വെങ്കടേഷ് (2018) എന്നിവരിലൂടെ ഗണിതശാസ്ത്ര നോബൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ഇന്ത്യയുടെ ഗണിതശാസ്ത്രലോകത്ത് എത്തിച്ചേരുകയുണ്ടായി. ഇപ്പോൾ നടത്തപ്പെടുന്ന ശില്പശാല ഗണിതശാസ്ത്രത്തിലേക്ക് സമർത്ഥരെ കൂടുതൽ ആകർഷിക്കുന്നതിന് സഹായകമാവുകയും പൂർണ്ണമായും ഇന്ത്യക്കാരായ ഗണിതശാസ്ത്രജ്ഞരിലേക്ക് ഫീൽഡ്സ് മെഡൽ പോലെയുള്ള അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രേരകമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2016ൽ പ്രൊഫസർ എസ് കുമരേശന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട എം.റ്റി.റ്റി.എസ്. ട്രസ്റ്റ് ഭാരതത്തിലുടനീളം ഗണിതശാസ്ത്ര ക്യാംപുകൾ സംഘടിപ്പിച്ചു വരുന്നു. 2013ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ഭാരതത്തിലെ ഏറ്റവും മികച്ച ഗണിതശാസ്ത്ര അധ്യാപകനുള്ള അവാർഡ് നേടിയ പ്രൊഫസർ എസ് കുമരേശൻ ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിലെ പ്രഫസർ ആണ്. ശിൽപശാലയുടെ സംഘാടനത്തിന് നെതൃത്വം നൽകുന്നത് എം എസ് എം കോളേജിലെ മാനേജർ അൽ ഹാജ് പി.. ഹിലാൽ ബാബു, പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ് ആമിന, വൈസ്-പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ബി, ഗണിതശാസ്ത്ര വിഭാഗത്തിലെ പ്രൊഫ. എം ആർ പദ്മകുമാരി (വിഭാഗം മേധാവി), പ്രൊഫ. ശ്രീകുമാർ കെ പി, പ്രൊഫ. രഞ്ജിത്കുമാർ വൈ, പ്രൊഫ. ഡോ. ദീപ കെ.പി, പ്രൊഫ. പ്രിറ്റി മേരി ജോർജ്ജ്, പ്രൊഫ. ജിഷ എം. എസ്, പ്രൊഫ. ആശ എസ് രാജ്, പ്രൊഫ. രശ്മി എന്നിവരാണ്. ശില്പശാലയുടെ അക്കാദമിക് കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് എം.റ്റി.റ്റി.എസ്. ട്രസ്റ്റ് അംഗം കൂടിയായ പ്രൊഫ. ഡോ. വിഷ്ണു നമ്പൂതിരിയാണ്

 

No comments:

Post a Comment

International Conference on Algebra and Discrete Mathematics, (ICADM -2024) February 20 - 22, 2024, Idukki, Kerala

Government College Kattappana is an arts and science college functioning under the Department of Collegiate Education, Government of Kerala....